കേരള സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയും, അഫിലിയേറ്റഡ് (ഗവൺമെന്‍റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആർ.ഡി.) കോളേജുകളിലേയും 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ 3 ഓപ്ഷനുകൾ ലഭ്യമാണ്.
❱ 1. മൂന്ന് വർഷ ബിരുദം (3-year UG Degree) : പ്രവേശനം നേടി മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം നിർത്താവുന്നതാണ്. പ്രസ്തുത വിദ്യാർഥിക്ക് തന്‍റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക്) 3 വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്. ഇവർ ബിരുദാന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്നപക്ഷം തുടർന്ന് 2 വർഷം പഠിക്കേണ്ടതാണ്.
❱ 2. നാലു വർഷ ബിരുദം (ഓണേഴ്സ്) : (4-year UG Degree (Honors): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്സ് ബിരുദം ലഭിക്കുന്നതാണ്.
❱ 3 നാലു വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസേർച്ച്): ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് 4-year UG Degree (Honors with Research) തിരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കുന്നതാണ്.
കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/Reservation/Management/Sports quota/ PWD/ Transgender/ TLM/ Lekshadweep ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ രജിസ്‌ട്രേഷൻ 2024 മെയ് 16 ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്നതും 2024 ജൂൺ 7 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതുമാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.
വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന വിരങ്ങൾ അതാത് കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകൾ തെരഞ്ഞെടുക്കേണ്ടതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്ട്‌മെൻറിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സർവ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീസടച്ചതിൻറെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 600/- (SC/ST വിഭാഗത്തിന് 350/- ) രൂപയാണ്.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനെയുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in/) ശ്രദ്ധിക്കേണ്ടതാണ്.